സാമൂഹ്യക്ഷേമ പരിപാടികള്‍

1. വിവാഹ ധനസഹായം (സ.ഉ.(കൈ) നം.125/12/പജ.പവവിവ, തീയതി- 19-09-12)

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വിവാഹ ധനസഹായമായി നല്‍കുന്നു.  ജാതി, വരുമാന സർട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിന്റെ സമുദായ സംഘടനയുടെ /ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍ /കോർപ്പറേഷ ന്‍ /പട്ടികജാതി വികസന ഓഫീസർ വഴി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കുക.  വരുമാന പരിധി 50,000 രൂപ.

2. മിശ്ര വിവാഹിതർക്ക് ധനസഹായം (സ.ഉ.(കൈ) നം.43 /12/പജ.പവവിവ, തീയതി- 08-03-12)

മിശ്രവിവാഹിതരായ ദമ്പതിമാർക്ക് (ഒരാള്‍ പട്ടികജാതിയും പങ്കാളി ഇതരസമുദായത്തില്‍പ്പെട്ടതുമായിരിക്കണം) വിവാഹത്തെ തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആംരംഭിക്കുന്നതിനുമായി 50,000 രൂപ വരെ ഗ്രാന്റായി നല്‍കുന്നു.  വിവാഹശേഷം ഒരുവർഷം കഴിഞ്ഞ് മൂന്നു വർഷത്തിനകം അപേക്ഷിക്കണം.  ഭാര്യാഭർത്താക്കന്മാരുടെ ജാതി സർട്ടിഫിക്കറ്റ്, കുടുംബവാർഷിക വരുമാനം, സഹവാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ /കോർപ്പറേഷന്‍ /പട്ടികജാതി വികസന ഓഫീസർ വഴി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.  രണ്ടുപേരുടെയും കൂടി പ്രതിവർഷ വരുമാനപരിധി 40,000 രൂപ.

3. ഭൂരഹിത പുനരധിവാസ പദ്ധതി  (സ.ഉ.(കൈ) നം.73 /14/പജ.പവവിവ, തീയതി- 09-10-14)

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയും മുനിസിപ്പല്‍ /കോർപ്പറേഷന്‍ പ്രദേശത്ത് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിന് ഗ്രാമ /മുനിസിപ്പല്‍ /കോർപ്പറേഷനുകളില്‍  യഥാക്രമം 3,75,000 രൂപ, 4,50,000 രൂപ, 6,00,000 രൂപ ഗ്രാന്റായി അനുവദിക്കുന്നു.  ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഗ്രാമസഭ /വാർഡ് സഭാ ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.  ലിസ്റ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകള്‍, സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് നല്‍കുക.  വാർഷിക വരുമാന പരിധി 50,000 രൂപയും അപേക്ഷകന്റെ പ്രായപരിധി 55 വയസ്സുമാണ്.

4. ഭവന നിർമ്മാണ ഗ്രാന്റ് (സ.ഉ.(കൈ) നം.42 /14/പജ.പവവിവ, തീയതി- 11-07-14)

2014-15 സാമ്പത്തിക വർഷം മുത ല്‍  3,00,000 രൂപ ഭവന നിർമ്മാണ ഗ്രാന്റ് ആയി നല്‍കുന്നു.  45,000 രൂപ, 90,000 രൂപ, 1,20,000 രൂപ, 45,000 രൂപ എന്നിങ്ങനെ നാലു ഗഡുക്കളായി നിർമ്മാണ പുരോഗതിക്കനുസരിച്ച് തുക ഓണ്‍ലൈനായി ബാങ്ക് വഴി വിതരണം ചെയ്യുന്നു.

ഗ്രാമപ്രദേശത്ത് സ്വന്തമായി രണ്ട് സെന്റും നഗരപ്രദേശങ്ങളില്‍ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഗ്രാമസഭാലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവന രഹിതർക്കാണ് ഗ്രാന്റ് അനുവദിക്കുന്നത്.  ജാതി, വരുമാനം, കൈ അവകാശ സർട്ടിഫിക്കറ്റുകള്‍, വാസയോഗ്യമായ ഭവനമില്ലായെന്ന ബന്ധപ്പെട്ട അധികാരിയുടെ സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഭവന നിർമ്മാണ ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട  ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കുക.  വരുമാന പരിധി 50,000 രൂപ.

5. ദുർബല വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി (സ.ഉ.(കൈ) നം.73 /14/പജ.പവവിവ, തീയതി- 09-10-14)

50,000 രൂപ താഴെ വരുമാനമുള്ള ഭൂരഹിത ഭവന രഹിതരായ വേടന്‍, നായാടി, വേട്ടുവ, ചക്ലിയ, കല്ലാടി, അരുന്ധതിയാർ, എന്നീ ദുർബല സമുദായങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതി കുറഞ്ഞത് അഞ്ചു സെന്റ് ഭൂമിയെങ്കിലും വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനുമായി 7,25,000 രൂപ ഗ്രാന്റായി നല്‍കുന്നു. ഭൂമി വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ പ്രായം 55 വയസ്സില്‍ കവിയരുത്.

ജാതി, വരുമാനം, ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ  സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ടി. ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട  ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കുക. 

6. ടോയ് ലറ്റ് നിർമ്മാണം  (സ.ഉ.(കൈ) നം.132 /12/പജ.പവവിവ, തീയതി- 17-10-12)

പട്ടികജാതി കുടുംബങ്ങള്‍ക്ക് ടോയ് ലറ്റ് നിർമ്മിക്കുന്നതിന് 25,000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.  2012-13 വർഷം മുതല്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.   ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നല്‍കേണ്ടതാണ്.  തുക രണ്ടു ഗഡുക്കളായി വിതരണം ചെയ്യുന്നു.  വരുമാന പരിധി 50,000 രൂപ.

7. പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസനിധി (സ.ഉ.(കൈ) നം.128 /12/പജ.പവവിവ, തീയതി- 20-09-12)

മാരകമായ രോഗങ്ങള്‍ ബാധിച്ചവരും അത്യാഹിതങ്ങളില്‍ പെട്ടവരുമായ 50,000 രൂപയില്‍ താഴെ വാർഷിക വരുമാനമുള്ളവർക്ക് പട്ടികജാതി വികസന വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50,000 രൂപവരെ ചികിത്സാ ധനസഹായമായി അനുവദിക്കുന്നു. ഹൃദയശസ്ത്രക്രിയ, ഗുരുതരമായ രോഗം എന്നിവയ്ക്ക് പരമാവധി 1,00,000 രൂപവരെ നല്‍കുന്നു. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ, ജാതി, വരുമാനം, ചികിത്സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫാറത്തിലുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക് / മുനിസിപ്പല്‍ / കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസർമാർക്കോ വകുപ്പുമന്ത്രിക്കോ നല്‍കാവുന്നതാണ്.

8. ഉദ്യോഗാർത്ഥികള്‍ക്ക് യാത്രാബത്ത

 പി.എസ്.സി, യു.പി.എസ്.സി. വിവിധ സർക്കാർ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ പരീക്ഷകളിലും ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ പോകുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികള്‍ക്ക് അർഹമായ യാത്രാപ്പടി അറ്റന്‍ഡന്‍സ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നു.  അപേക്ഷ സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് /മുനിസിപ്പ ല്‍ /കോർപ്പറേഷ ന്‍ സെക്രട്ടറിക്ക് നല്‍കുക.  തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്.

9.സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം

പട്ടികജാതി പട്ടികവർഗ്ഗ ജനസമൂഹവും മുഖ്യധാരാ സമുദായങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളവും ഇഴയടുപ്പവുമുള്ളതാക്കി തീർക്കുന്നതിന് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതല്‍ 16 വരെ എല്ലാ വർഷവും സാമൂഹ്യ ഐക്യദാർഢ്യപക്ഷമായി ആചരിക്കുന്നു. ടി. ആചരണക്കാലത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കുന്ന പ്രവർത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും കോളനികള്‍ കേന്ദ്രീകരിച്ച് ശുചിത്വ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിജ്ഞാന സദസ്സുകള്‍, പ്രദർശനങ്ങള്‍, പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍, പുതിയ പദ്ധതികളുടെ ആരംഭം കുറിക്കല്‍ എന്നിവ നടത്തുന്നു.

10. ഭവന പുനരുദ്ധാരണ ധനസഹായം

ഭവന നിർമ്മാണത്തിന് സർക്കാരില്‍ നിന്ന് മുമ്പ് ധനസഹായം കൈപ്പറ്റിയിട്ടുള്ളവരും എന്നാല്‍ ക്ഷയോന്മുഖമായ ഭവനത്തില്‍ താമസിക്കുന്ന പട്ടികജാതി കുടുംബത്തിന് ഭവന പുനരുദ്ധാരണത്തിന് പുതിയാതിയ ഒരു മുറി കൂടി നിർമ്മിക്കുന്നതിനും ധനസഹായം നല്‍കുന്നു.  പ്ലാ ന്‍, എസ്റ്റിമേറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍  പരമാവധി 50,000 രൂപ അനുവദിക്കുന്നു.  വരുമാന പരിധി 50,000 രൂപ.

11.  വിജ്ഞാന്‍വാടി

പട്ടികജാതി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കുന്നതിനും  സഹായകമായതാണ് വിജ്ഞാനവാടികള്‍. ഇന്റർനെറ്റ് സൌകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ചാണ് വിജ്ഞാന്‍വാടികള്‍ സ്ഥാപിക്കുക. ഇതിനുള്ള കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ടുസഹിതവും ഈ പദ്ധതി നടപ്പാക്കി വരുന്നു.  സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പാക്കുകയാണ് ലക്ഷ്യം.

12. ഹോമിയോ ഹെല്‍ത്ത് സെന്റർ

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി സങ്കേതങ്ങളോടനുബന്ധിച്ച് ഹോമിയോ ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റർ ചുറ്റളവില്‍ മറ്റ് ആരോഗ്യപരിപാലന കേന്ദ്രങ്ങളില്ലാത്ത പട്ടികജാതി സങ്കേതങ്ങളാണ് ഇതിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

13. വിദേശത്ത് തൊഴില്‍ നേടുന്നതിന് സാമ്പത്തിക സഹായം

(സ.ഉ.(സാധാ) നം.1525 /2013/പജ.പവവിവ, തീയതി- 29-10-2013)

അഭ്യസ്ഥവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 50,000 രൂപ വരെ ധനസഹായം നല്‍കുന്നു.  ഇന്ത്യന്‍ പാസ്പോർട്ട്, വിദേശ തൊഴില്‍ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാർ പത്രം, വിസ, എന്നിവ സഹിതം അപേക്ഷ നല്‍കേണ്ടതാണ്.  വാർഷിക വരുമാനം 2,50,000 രൂപയില്‍ താഴെ വരുമാനമുള്ള 20 നും 40 നും മധ്യേ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാന്‍ അർഹത.

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
നന്ദാവനം, വികാസ്ഭവന്‍.പി.ഒ
തിരുവനന്തപുരം - 695033
 

ഫോട്ടോഗാലറി

Visitors Counter

488400
Today
All days
29
488400