സാമ്പത്തിക വികസന പദ്ധതികള്‍

1. സ്വയം തൊഴില്‍ പദ്ധതി.

വ്യക്തികള്‍ക്ക് 3ലക്ഷം വരെയുള്ള വായ്പകള്‍ക്കും ഗ്രൂപ്പുകള്‍ക്ക് 10ലക്ഷം വരെയുള്ള വായ്പകള്‍ക്കും വായ്പാതുകയുടെ 1/3സബ്സിഡി. പദ്ധതി ബാങ്കുകളുമായിച്ചേര്‍ന്ന് നടപ്പിലാക്കുന്നു. ബാങ്ക് അംഗീകരിക്കുന്ന ഏത് സ്വയം തൊഴില്‍ സംരംഭവും തുടങ്ങാം. പ്രായം 18-50, വിദ്യാഭ്യാസ യോഗ്യത- 7-ാം ക്ലാസ്സ്. വരുമാന പരിധി ബാധകമല്ല. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍,പദ്ധതി റിപ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ്,  എസ്. ജി. എസ്. വൈ ലോണ്‍ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യ

പത്രം എന്നിവ സഹിതം ബ്ലോക്ക്/ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കുക.

2. വക്കീലന്‍മാര്‍ക്ക് ധനസഹായം.

നിയമ വിദ്യാഭ്യാസം കഴിഞ്ഞ് എന്‍റോള്‍ ചെയ്ത് വക്കീലായി പരിശീലനം ചെയ്യുന്നതിന്

3വര്‍ഷത്തേയ്ക്ക് ധനസഹായം നല്‍കുന്നു.

ഒന്നാം വര്‍ഷം

1. എന്‍റോള്‍മെന്‍റ് ഫീസ്      - 9600/-

2. വസ്ത്രം വാങ്ങുന്നതിന്   - 4000/-

3. പുസ്തകം വാങ്ങുന്നതിന്  - 12000/-

രണ്ടും മൂന്നും വര്‍ഷങ്ങളില്‍

1. വസ്ത്രം വാങ്ങുന്നതിന്   - 4000/-

2. പുസ്തകം വാങ്ങുന്നതിന്  - 12000/-

3. മുറി വാടക (പ്രതിമാസം 500/- രൂപ നിരക്കില്‍) - 6000/-

അഭിഭാഷകനായി എന്‍റോള്‍ ചെയ്ത് 6മാസത്തിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, എല്‍. എല്‍. ബിയുടെ സര്‍ട്ടിഫിക്കറ്റ്, ബാര്‍ കൗണ്‍സില്‍ എന്‍റോള്‍മെന്‍റ് സാക്ഷ്യപത്രം, സീനിയര്‍ അഭിഭാക്ഷകന്‍െറ സാക്ഷ്യപത്രം  എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക.

3. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ്.

ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഡിഗ്രി, എന്നിവ പാസ്സായവര്‍ക്ക് അപ്രന്‍റീസ്ഷിപ്പ്. അപേക്ഷകര്‍ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  പ്രതിമാസ സ്റ്റെപന്‍റ്നിരക്ക് 5700/- രൂപ

               

4. ടൂള്‍ കിറ്റ്-വകുപ്പിന്‍െറ ഐ.ടി.ഐകളില്‍ വിവിധ ട്രേഡുകളില്‍ വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി പണിയായുധങ്ങള്‍ വാങ്ങുന്നതിന്  ഗ്രാന്‍റ് നല്‍കുന്നു.  അപേക്ഷകള്‍ അതാത് ഐ.റ്റി.ഐ സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.

5. പട്ടികജാതിക്കാരുടെ വായ്പ എഴുതി തള്ളല്‍ പദ്ധതി.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാര്‍,സര്‍ക്കാര്‍ വകുപ്പുകള്‍,കോര്‍പ്പറേഷനുകള്‍,സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതും 31.03.2006-ല്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകളില്‍ 25,000/- രൂപ വരെയുള്ളത് പലിശയും പിഴ പലിശയും ഉള്‍പ്പെടെ എഴുതിത്തള്ളുന്നതിന് 12.11.2009ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) 100/2009പജ.പവ.വിവ.നമ്പര്‍ ഉത്തരവിന്‍ പ്രകാരം നടപ്പിലാക്കിയിരുന്നു.സംസ്ഥാനത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനുകള്‍,സര്‍ക്കാര്‍ വകുപ്പുകള്‍,സഹകരണ സ്ഥാപനങ്ങള്‍,കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, എന്നിവിടങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതും 31.03.2006-ല്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശിക ആയിട്ടുള്ളതുമായ വായ്പയുടെ 50,000/- രൂപ വരെയുള്ളത് എഴുതി തള്ളുന്നതിന് 10.12.2013ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍ 99/2013/പജ.പവ.വിവ നമ്പര്‍ ഉത്തരവിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ എസ്.സി/എസ്.ടി കോര്‍പ്പറേഷനില്‍ നിന്നും എടുത്തിട്ടുള്ളതും 31.03.2006ല്‍ തിരിച്ചടവ് കാലാവധി കഴിഞ്ഞ് കുടിശ്ശികയായതുമായ വാഹന വായാപാ പദ്ധതി, അംബേദ്കര്‍ ഭവന നിര്‍മ്മാണ പദ്ധതി, പുതിയ അംബേദ്കര്‍ ഭവന നിര്‍മ്മാണ പദ്ധതി, ഇന്‍കം ജനറേഷന്‍ ലിങ്ക്സ്, എന്നീ പദ്ധതികളിലെ മുതലും പലിശയും എഴുതി തള്ളുന്നതിന് 16.10.2014ലെ സര്‍ക്കാര്‍ ഉത്തരവ് (കൈ) നമ്പര്‍ 74/14/പജ.പവ.വിവ നമ്പര്‍ ഉത്തരവ് പ്രകാരം നടപ്പിലാക്കിയിട്ടുണ്ട്.

പട്ടികജാതി വിഭാഗക്കാര്‍ കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍,സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതും 31.03.2010-ന് തിരിച്ചടവ് കാലയളവ് പൂര്‍ത്തിയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മുതലും പലിശയും ചേര്‍ത്ത് ഒരു ലക്ഷം രൂപ വരെ എഴുതി തള്ളുന്നതിന് 31.03.2015ലെ സ.ഉ (പി) നം.24/2015/പജ.പവ.വിവ പ്രകാരം ഉത്തരവായിട്ടുണ്ട്. വരുമാന പരിധി 1.5ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി പ്രകാരം പട്ടികജാതിക്കാര്‍ റവന്യൂ വകുപ്പ്, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍,കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍,കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍,കേരള സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള 5ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ മുതലും പലിശയും ഉള്‍പ്പെടെ മുതലിന്‍റെ ഇരട്ടിയെങ്കിലും തിരിച്ചടവ് കഴിഞ്ഞിട്ടുള്ളവര്‍ക്ക് കടാശ്വാസം അനുവദിച്ചുകൊണ്ട് 20.08.2016ലെ സ.ഉ (പി) നം.118/2016/ധന.പ്രകാരം ഉത്തരവായിട്ടുണ്ട്. ടി ഉത്തരവിന്‍പ്രകാരം മുതലും പലിശും പിഴപ്പലിശയുമുള്‍പ്പെടെ മുതലിന്‍റെ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചിട്ടുള്ളവര്‍ക്ക് മുതലിന്‍റെ രണ്ടിരട്ടിയെത്തുന്നതുവരെയുള്ള കുടിശ്ശിക തുക പലിശയും പിഴപ്പലിശയും ഒഴിവാക്കി ഇരുപത്തിനാല് പ്രതിമാസ ഗഡുക്കളായി തിരിച്ചടയ്ക്കാവുന്ന വിധത്തില്‍ വായ്പ പുന:ക്രമീകരിച്ചിട്ടുണ്ട്.

6. ഉല്പന്ന പ്രദര്‍ശന വിപണന മേള.

അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്ര വര്‍ഗ്ഗ പൈതൃകവും തനത് കലകളും സംരംക്ഷിപ്പിക്കുന്നതിനും പരമ്പരാഗത ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെയും കിര്‍ത്താഡ്സിന്‍റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍  ഒരു വര്‍ഷം 2സ്ഥലങ്ങളിലായി   സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയാണിത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായോ, വ്യക്തിഗതമായോ, കൂട്ടുസംരംഭങ്ങളായോ, കുടുംബശ്രീ, അയല്‍കുട്ടങ്ങളായോ, സൊസൈറ്റികളായോ തുടങ്ങിയിട്ടുളള സ്ഥാപനങ്ങളിലെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സംഘടിപ്പിച്ചിരിക്കുന്ന വിപണന മേളയിലെ സ്റ്റാള്‍ സൗജന്യമായി അനുവദിക്കുന്നു. ഉല്പന്നങ്ങള്‍ സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിദിന ബത്ത, ഭക്ഷണം എന്നിവ നല്‍കുന്നു.

7. അംബേദ്കര്‍ ഗ്രാമവികസന പരിപാടി.

ഓരോ നിയോജക മണ്ഡലത്തിലുളള അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുളളതുമായ 2കോളനികളെ വീതം തെരഞ്ഞെടുത്ത് ഓരോ കോളനിയിലും ഓരോ കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഓരോ സങ്കേതത്തിന്‍റേയും വികസനാവശ്യങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി നിര്‍വ്വഹണം നടപ്പാക്കുന്നത്. റോഡ് നിര്‍മ്മാണം, വൈദ്യുതീകരണം, അഴുക്കുചാല്‍ നിര്‍മ്മാണം, സോളാര്‍ തെരുവ് വിളക്കുകള്‍,ബയോഗ്യാസ് പ്ലാന്‍റ്, ഭവനപുനരുദ്ധാരണം എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പരമാവധി 1കോടി രൂപയാണ് ഈ പദ്ധതി പ്രകാരം ഒരു സങ്കേതത്തിനായി ചെലവഴിക്കുക. എം.എല്‍.എ മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വ്വഹണം.

8. വിദേശത്ത് തൊഴില്‍ നേടുന്നതിന് സാമ്പത്തികസഹായം.

അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകള്‍ക്കുമായി 1,00,,000/- രൂപ വരെ ധനസഹായം നല്‍കുന്നു. ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട്, വിദേശ തൊഴില്‍ ദാതാവില്‍ നിന്നും ലഭിച്ച തൊഴില്‍ കരാര്‍പത്രം, വിസ എന്നിവ സഹിതം അപേക്ഷ  നല്‍കേണ്ടതാണ്. വാര്‍ഷിക വരുമാനം 2,50,000/- രൂപയില്‍ താഴെ വരുമാനമുള്ള 50 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

 

വിലാസം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം
മ്യൂസിയം-നന്ദാവനം റോഡ് ,
നന്ദാവനം ,
വികാസ് ഭവൻ (പി.ഒ)
തിരുവനതപുരം -695033 
 
Ph: 0471 2737100

Visitors Counter

3356057
Today
All days
462
3356057