സാംസ്കാരിക പരിപാടികള്‍

1. നാടന്‍ കലാമേള (പൈതൃകോത്സവം)

പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ തനതുകലകളെ പരിപോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉല്പന്ന പ്രദർശന വിപണനമേളയും കലാമേളയും സംഘടിപ്പിക്കുന്നു.  പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം, കിർതാഡ്സ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.  ഒരു വർഷം രണ്ടു സ്ഥലങ്ങളിലായി പരിപാടിക ള്‍ സംഘടിപ്പിക്കുന്നു.

സർഗ്ഗോത്സവം

സംസ്ഥാന സ്കൂള്‍ കലോത്സവത്തി ല്‍ എ ഗ്രേഡ് നേടിയ പട്ടികജാതിയില്‍പ്പെട്ട കലാപ്രതിഭകള്‍ക്ക്  10,000 രൂപ പ്രോത്സാഹനമായി നല്‍കുന്ന  പദ്ധതി.

2. ഡോ.ബി.ആർ.അംബേദ്കർ മാധ്യമ അവാർഡ്

പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകള്‍ക്കും ഫീച്ചറുകള്‍ക്കും ഡോ.ബി.ആർ.അംബേദ്കർ മാധ്യമ അവാർഡ് നല്‍കുന്നു.  അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകള്‍ക്കാണ് അവാർഡ്.  അച്ചടി മാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും, ദൃശ്യ മാധ്യമങ്ങളിലെ റിപ്പോർട്ടിന് 30,000 രൂപയും ഫലകവും, റേഡിയോ റിപ്പോർട്ടിന് 15,000 രൂപയും ഫലകവുമാണ് അവാർഡായി നല്കുന്നത്.

3. സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗ്രാന്റ്

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരുടെ കൃതികള്‍ പുസ്തക രൂപത്തില്‍ അച്ചടിക്കുന്നതിന് ഇരുപതിനായിരം (20,000) രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു.  മൌലികമായ രചനകളുടെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങള്‍ സഹിതം അപേക്ഷ ചീഫ് പബ്ലിസിറ്റി ഓഫീസർ അയ്യങ്കാളി ഭവന്‍ , കനക നഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കുക.  ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കുന്നതാണ്.

4. പടവുകള്‍ മാസിക

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനും പട്ടികജാതി വിഭാഗക്കാരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പടവുകള്‍ എന്ന പേരില്‍  ഒരു ദ്വൈമാസിക വകുപ്പു പുറത്തിറക്കുന്നു.  കോപ്പികള്‍ ബ്ലോക്ക് /മുനിസിപ്പ ല്‍ /കോർപ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ചീഫ് പബ്ലിസിറ്റി ഓഫീസില്‍ നിന്നും സൌജന്യമായി ലഭ്യമാണ്.

5. സാഹിത്യ ശില്പശാല

പട്ടികജാതി - പട്ടികവർഗ്ഗത്തിലും ഇതര വിഭാഗത്തിലുംപെട്ട സാഹിത്യകാരന്മാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി ആണ്ടുതോറും സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു.  ഭാഷയുടെ വികാസ പരിണാമങ്ങള്‍ സാഹിത്യത്തിലെ അനുഭവം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി സാംസ്കാരിക ശാക്തീകരണം ഉറപ്പാക്കലുമാണ് ശില്പശാലയുടെ ഉദ്ദേശം.  18 മുതല്‍ 35 വയസുവരെ പ്രായമുള്ള പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് പ്രവേശനം.   ആകെ 50 പേർക്ക് ശില്പശാലയില്‍ പങ്കെടുക്കാം.  താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നല്കുന്നു.

6. അംബേദ്കർ ജയന്തി /അയ്യങ്കാളി ജയന്തി

ഭരണഘടനാ ശില്പി ശ്രീ.അംബേദ്കറുടെ ജന്മദിനം ഏപ്രില്‍ പതിനാലാം തീയതിയും കേരള അധഃസ്ഥിത വർഗ്ഗത്തിന്റെ വിമോചന പോരാളി ശ്രീ.അയ്യങ്കാളിയുടെ ജന്മദിനം ചിങ്ങമാസത്തിലെ അവിട്ടം നാളിലും വിവിധ പരിപാടികളോടെ വകുപ്പ് ആചരിക്കുന്നു.

അംബേദ്കര്‍ ഭവന്‍

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ.ബി.ആർ.അംബേദ്കറുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ അംബേദ്കർ ഭവന്‍ എന്ന പേരില്‍ ഒരു പഠന ഗവേഷണ കണ്‍വെന്‍ഷന്‍ സെന്റർ സ്ഥാപിതമായി. പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ എന്നിവ ഇതില്‍ പ്രവർത്തിക്കുന്നു.  അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ അംബേദ്കർ ഭവന്‍ വകുപ്പിന്റെ പദ്ധതി ആസൂത്രണത്തിന് വഴികാട്ടിയാകുന്ന നിലയില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

അയ്യങ്കാളി ഭവന്‍

അധഃസ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.അയ്യങ്കാളിയുടെ നാമധേയത്തില്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സ്ഥാപനം.  പട്ടികജാതി വികസന വകുപ്പിന്റെ ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ചീഫ് പബ്ലിസിറ്റി ഓഫീസ്, ദക്ഷിണമേഖല ട്രയിനിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവ ഈ സമുച്ചയത്തില്‍ പ്രവർത്തിക്കുന്നു.  കൂടാതെ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷ ന്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷ ന്‍, പട്ടികജാതി-പട്ടികവർഗ്ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ്, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റ് എന്നിവ പ്രവർത്തിക്കുന്നത് അയ്യങ്കാളി ഭവനിലാണ്.

 

 

വിലാസം

പട്ടികജാതി വികസന വകുപ്പ്
അയ്യങ്കാളി ഭവന്‍

കനക  നഗര്‍, 
കവടിയാര്‍ പി.ഓ.
വെള്ളയമ്പലം,
തിരുവനന്തപുരം
പിന്‍കോട്:-695003

ഫോട്ടോഗാലറി

Visitors Counter

222945
Today
All days
170
222945