ചരിത്രം
പട്ടികജാതി വികസന വകുപ്പ്- ചരിത്രം
കേരള സംസ്ഥാനം നിലവില്‍ വരുന്നതിന് വളരെ മുന്‍പ് തന്നെ പിന്നോക്ക ജനവിഭാഗങ്ങളനുഭവിച്ചിരുന്ന കഷ്ടതകള്‍ പരിഹരിക്കുതിനുളള ശ്രമങ്ങള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ആരംഭിച്ചിരുന്നു.
തിരുവിതാംകൂറില്‍ 1923 ന് മുന്‍പ് തന്നെ സഹകരണ രജിസ്ട്രാറുടെ കീഴില്‍ പ്രൊട്ടക്ടര്‍ ഓഫ് ദി ഡിപ്രസ്ഡ് ക്ലാസ്സസ് എന്ന പേരില്‍, പില്‍ക്കാലത്ത് ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി നിയമം പ്രാബല്യത്തില്‍ വന്നതോടെ യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാന്‍സലറായി മാറിയ സ്‌പെഷ്യല്‍ യൂണിവേഴ്‌സിറ്റി ഓഫീസറുടെ നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുളള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 1941 ല്‍ പിന്നോക്ക വിഭാഗക്കാരും അധികൃതരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രൊട്ടക്റ്റര്‍ ഓഫ് ദ ബാക്ക്‌വേര്‍ഡ് കമ്മ്യൂണിറ്റീസ് എന്ന സ്ഥാനപ്പേരില്‍ ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഗവൺമെന്റിന്റെ നേരിട്ട്ളള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2 വനിതാ ഓഫീസര്‍മാരും 7 ഫീല്‍ഡ് ഓഫീസര്‍മാരു മടങ്ങിയ ഒരു സമിതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുതിനായി രൂപീകരിക്കുകയും, ഈ വകുപ്പ് കോളനികള്‍ സ്ഥാപിക്കുക, കിണറുകള്‍ നിര്‍മ്മിക്കുക, അപ്രോച്ച് റോഡുകളുണ്ടാക്കുക, പൊതുകെട്ടിടങ്ങളും ശ്മശാനങ്ങളും ഉണ്ടാക്കുക, വിദ്യാഭ്യാസാവസരങ്ങള്‍ സൃഷ്ടിക്കുക, വിദ്യാസമ്പര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നീ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
കൊച്ചിയില്‍ 1926 ല്‍ തന്നെ എക്‌സ് ഒഫിഷ്യോ പ്രൊട്ടക്റ്റര്‍ ആയിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കീഴില്‍ പ്രൊട്ടക്റ്റര്‍ എന്ന പേരില്‍ ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കുകയും പിന്നോക്ക വിഭാഗ ജനതയുടെ ക്ഷേമങ്ങള്‍ക്കായിയുളള പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ സഹായിക്കാനായി ഒരു ലേബര്‍ ഓഫീസറും ഉണ്ടായിരുന്നു. ഈ സമിതിയുടെ കടമകള്‍ തിരുവിതാംകൂറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായിരുന്നു.
1949 -ല്‍ തിരു- കൊച്ചി സംയോജനത്തെ തുടർന്ന് തിരുവനന്തപുരം ആസ്ഥാനമായി ' പ്രൊട്ട'ക്റ്റര്‍ ഓഫ് ദ ബാക്ക്‌വേര്‍ഡ് കമ്മ്യൂണിറ്റീസ്' എന്ന പേരിലുളള ഒരു ഉദ്യോഗസ്‌ഥനെ നിയമിച്ച് ഇരു രാജ്യത്തേയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചു. 1950- ല്‍ ഈ തസ്തിക 'കമ്മീഷണര്‍ ഫോര്‍ ദി അഡ്വേന്‍സ്‌മെന്റ് ഓഫ് ബാക്ക് വേര്‍ഡ് കമ്മ്യൂണിറ്റീസ്' എന്നാക്കി മാറ്റി.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ തൊഴില്‍ വകുപ്പ് കമ്മിഷണര്‍ക്കായിരുന്നു അധകൃത ജനവിഭാഗങ്ങളുടെ ക്ഷേമ കാര്യങ്ങളുടെ ഉത്തരവാദിത്വം. 1934 ല്‍ ഇത് മലബാര്‍ കളക്റ്ററില്‍ നിക്ഷിപ്തമാക്കുകയും കമ്മീഷണറെ ഏകോപന പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്പിക്കുകയും ചെയ്തു. ഭവന നിര്‍മ്മാണം, ശുദ്ധജലവിതരണം, ശുചിത്വ സൗകര്യങ്ങളേര്‍പ്പെടുത്തുക, ഭൂമി കണ്ടെത്തി നല്‍കുക, വിദ്യാഭ്യാസാവസരങ്ങള്‍ സൃഷ്ടിക്കുക, പിന്നോക്ക വിഭാഗ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ സഹായിക്കുക, തുടങ്ങിയവയായിരുന്നു കമ്മീഷണറുടെ ചുമതലകള്‍.
1950 ല്‍ ഹരിജനക്ഷേമ ഡയറക്റ്റര്‍ എന്ന തസ്തിക രൂപീകരിക്കുകയും പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഡയറക്റ്ററില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു.
1956 ല്‍ കേരള സംസ്ഥാന രൂപീകരണത്തോടെ സംസ്ഥാന ഹരിജന ക്ഷേമ വകുപ്പ് നിലവില്‍ വരുകയും ശ്രീ. സി.സി. കുഞ്ഞനെ ഹരിജനക്ഷേമ വകുപ്പിന്റെ പ്രഥമ ഡയറക്റ്ററായി നിയമിക്കുകയും ചെയ്തു.
പഞ്ചവത്സര പദ്ധതിയുടെ ആവിര്‍ഭാവത്തോടേ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടുകയും ദിശാബോധം കൈവരികയും ചെയ്തു. 2- പദ്ധതിയോടെ ധാരാളം പദ്ധതികള്‍ നിലവില്‍ വരികയും കൂടുതല്‍ ഫണ്ടുകള്‍ വകയിരുത്തിക്കൊണ്ട് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവുകയും ചെയ്തു. 1958 ല്‍ എല്ലാ ജില്ലകളിലും താലൂക്കുകളിലും ജില്ലാ വെല്‍ഫയര്‍ ഓഫീസര്‍മാരെയും താലൂക്ക് വെല്‍ഫയര്‍ ഓഫീസര്‍മാരെയും നിയമിച്ചു. ജില്ലാ തലത്തില്‍ പബ്ലിസിറ്റി ഓഫീസര്‍മാരും താലൂക്കുകളില്‍ ഹരിജന്‍ സേവകന്‍മാരെയും നിയമിച്ചുകൊണ്ട് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി.
വിദ്യാഭ്യാസാവസരങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങളും ഏര്‍പ്പെടുത്തുകയും പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസിച്ച് വിദ്യാഭ്യാസം നേടുതിന് അവസരം ലഭിച്ചു. വെല്‍ഫയര്‍ സ്‌കൂളുകളും ട്രൈബല്‍ സ്‌കുളുകളും സ്ഥാപിക്കുകയും പ്രതിമാസ സ്റ്റൈപന്റും ലംപ്‌സം ഗ്രാന്റും എല്ലാ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്കും അനുവദിക്കുകയും ചെയ്തു. മാതൃകാ തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഐ.റ്റി.സി കളും, ബാലവാടികളും ആരംഭിച്ചു.
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവന രഹിതര്‍ക്ക് ഭവനം, ആരോഗ്യം, ശുചിത്വം, തൊഴില്‍ പരിശീലനം, പരമ്പരാഗത തൊഴില്‍ വികസനം, സഹകരണം തുടങ്ങി സകല മേഖലകളിലും പിന്നോക്ക അധികൃത വിഭാഗങ്ങള്‍ക്ക് ക്ഷേമം കൈവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാന വകുപ്പായി ഹരിജന്‍ വെല്‍ഫയര്‍ വകുപ്പ് മാറുകയും ചെയ്തു.
1965 ല്‍ വകുപ്പിന് കീഴിലെ സഹകരണ സ്ഥാപനങ്ങള്‍ സഹകരണ വകുപ്പിനും വെല്‍ഫയര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിനും കൈമാറി. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 1966 ല്‍ ആരംഭിച്ചു. വ്യവസായ വ്യാപാര കച്ചവട മേഖലകളിൽ സ്വയം തൊഴിലിനുളള വായ്പാ പദ്ധതി 1968 ല്‍ തുടങ്ങി. പട്ടികജാതി വര്‍ഗ്ഗ മേഖലയിലെ നരവംശ ശാസ്ത്ര പഠന ഗവേഷണത്തിനായുളള കിര്‍ത്താഡ്‌സ് എന്ന സ്ഥാപനം 1970 ല്‍ നിലവില്‍ വന്നു.
പട്ടികജാതി/പട്ടികവര്‍ഗ്ഗ/പിന്നോക്ക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെ നടത്തിയിരുന്നത് ഹരിജനക്ഷേമ വകുപ്പായിരുന്നു. എന്നാൽ ഈ ജനവിഭാഗങ്ങളുടെ വിവിധങ്ങളായ ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വകുപ്പിനെ രണ്ടായി വിഭജിച്ച് ഹരിജനക്ഷേമ വകുപ്പും ഗിരിജനക്ഷേമ വകുപ്പും 1975 ല്‍ നിലവില്‍ വന്നു . (ജി. ഒ.(പി) 69/75/ഡി.ഡി. തീയതി. 26/06/1975)
ഹരിജന ക്ഷേമ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന തലത്തില്‍ ഒരു വിജിലന്‍സ് ഓഫീസര്‍, ഉത്തര-മധ്യ മേഖലകളില്‍ ഓരോ അസിസ്റ്റന്റ് ഡയറക്റ്റര്‍മാര്‍ എന്നീ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കേന്ദ്ര ഫണ്ട് ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, വിവിധ വകുപ്പുകളുടെ ഹരിജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, മോണിറ്റര്‍ ചെയ്യുന്നതിനും 1982 ല്‍ ഒരു ചീഫ പ്ലാനിംഗ് ഓഫീസറെയും റിസര്‍ച്ച് ഓഫീസറെയും സംസ്ഥാന ഡയറക്റ്ററേറ്റ് തലത്തിലും ഒരു റിസര്‍ച്ച് അസിസ്റ്റന്റിനെ ജില്ലാ തലത്തിലും നിയമിച്ചു. പട്ടികവിഭാഗക്കാര്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനായി ഉത്തരമേഖലയില്‍ ഒരു സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവായി. വിദ്യാഭ്യാസ ആനുകൂല്യ വിതരണം ജില്ലാ തലത്തിലാക്കി.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് കാര്യക്ഷമവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന പഠന നിര്‍ദ്ദേകശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് 19/83/ഒണഉ തീയതി. 28/07/1983 പ്രകാരം വകുപ്പ് പുന:സംഘടിപ്പിച്ചു.
ഇതനുസരിച്ച് 15,000 ല്‍ അധികം പട്ടികജാതി ജനസംഖ്യയുളള 65 വികസന ബ്ലോക്കുകളില്‍ ബ്ലോക്ക് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കുകയും ഇതില്‍ 50 % തസ്തിക ബിരുദാനന്തര ബിരുദമുളളവരില്‍ നിന്നും മത്സരപ്പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തെരഞ്ഞെടുക്കാനും ബാക്കി 50% തസ്തികയില്‍ വകുപ്പിലെ ജീവനക്കാരില്‍ നിന്നു പ്രൊമോഷന്‍ വഴി നിയമിക്കാനും തീരുമാനിക്കുകയും 32 ബിരുദാനന്തര ബിരുദധാരികളെ ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായി നിയമിക്കുകയും ചെയ്തു.
ഈ ഉത്തരവ് പ്രകാരം 40000 ല്‍ അധികം പട്ടികജാതി ജനസംഖ്യയുളള താലൂക്കുകളിലെ താലൂക്ക് പട്ടികജാതി വികസന ഓഫീസര്‍മാരെ ഗസറ്റഡ് ഓഫീസര്‍മാരാക്കുകയും 32 എല്‍.ഡി. ക്ലര്‍ക്ക് തസ്തിക സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ രണ്ട് ഡെപ്യൂട്ടി ഡയറക്റ്റര്‍മാരെ നിയമിക്കുകയും വകുപ്പില്‍ നിലവിലുളള അസിസ്റ്റന്റ് ഡയറക്റ്റര്‍ തസ്തിക ജോയിന്റ് ഡയറക്റ്റര്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡ്മിനിസസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവ യഥാക്രമം ഫീസാന്‍സ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയായി ഉയര്‍ത്തുകയും ചെയ്തു. പുതുതായി രൂപം കൊണ്ട പത്തനംതിട്ട കാസര്‍ഗോഡ് ജില്ലകളില്‍ ജില്ലാ ഓഫീസര്‍മാരെ നിയമിച്ചു.
1985 ല്‍ സര്‍ക്കാര്‍ ഉത്തരവ് 64/65/ടഇ/ടഠ/ഉഉ ററേ, 15/11/1985 പ്രകാരം വകുപ്പിന്റെ ഹരിജന്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്ന പേര് പട്ടികജാതി വികസന വകുപ്പ് എന്നാക്കി മാറ്റം വരുത്തുകയും ചെയ്തു.
1987ല്‍ ജോയിന്റ് ഡയറക്റ്റര്‍ (ടെക്‌നിക്കല്‍) എന്ന തസ്തിക സൃഷ്ടിക്കുകയും വകുപ്പിന്റെ കീഴിലെ പരിശീലന സ്ഥാപനങ്ങളെ പുന:സംഘടിപ്പിക്കുകയും ചെയ്തു. ചീഫ് ഇന്‍ഡസ്ട്രിയല്‍ സൂപ്പര്‍വൈസര്‍ എന്ന തസ്തിക ട്രെയിനിംഗ് ഓഫീസര്‍ എന്നും ട്രെയിനിംഗ് സൂപ്പര്‍വൈസര്‍ എന്നത് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നും ഷോറൂം മാനേജര്‍ എന്നത് ട്രെയിനിംഗ് സൂപ്രണ്ട് എന്നുമാക്കി മാറ്റുകയും ചെയ്തു.
നിലവില്‍ വകുപ്പിന് നേതൃത്വം നല്‍കുന്നത് ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഒരു ഐ.എ.എസ്. ഓഫീസറായ വകുപ്പ് ഡയറക്റ്റര്‍ ആണ്. അദ്ദേഹത്തിനു കീഴില്‍ ഒരു അഡീഷണല്‍ ഡയറക്റ്റര്‍, 3 ജോയിന്റ് ഡയറക്റ്റര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ചീഫ് പ്ലാനിംഗ് ഓഫീസര്‍, രണ്ട് മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍,പ്രിന്‍സിപ്പല്‍മാര്‍, ട്രെയിനിംഗ് ഓഫീസര്‍, 14 ജില്ലാ ഓഫീസര്‍മാര്‍, 14 അസിസ്റ്റന്റ് ജില്ലാ ഓഫീസര്‍മാര്‍, ചീഫ് പബ്ലിസിറ്റി ഓഫീസര്‍, രണ്ട് മേഖലാ ട്രെയിനിംഗ് ഓഫീസര്‍മാര്‍, 169 ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍, സൂപ്രണ്ടുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, ഇന്‍സ്ട്രക്റ്റര്‍മാര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍, നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍മാര്‍, പ്രൊമോട്ടേഴ്‌സ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.