കിര്‍ത്താഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍

1. ഗവേഷണ വിഭാഗം

നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭാഷ, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലധിഷ്ഠിതമായ ഗവേഷണ പഠനങ്ങളാണ് ഗവേഷണ വിഭാഗത്തില്‍ നടക്കുന്നത്. വ്യാജജാതി സര്‍ട്ടിഫിക്കറ്റുകളിലൂടെ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുക എന്ന പ്രവണത തടയുന്നതിനു വേണ്ടി കിര്‍ത്താഡ്സ് സമുദായ നിര്‍ണ്ണയ പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. 1996ലെ ആക്ട് 11അനുസരിച്ച് കിര്‍ടാഡ്സിലെ നരവംശശാസ്ത്ര വിഭാഗത്തെ ജാതിനിര്‍ണ്ണയത്തിനുള്ള വിദഗ്ധ ഏജന്‍സിയായി അംഗീകരിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് തട്ടിപ്പുകാരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള സ്ക്രൂട്ടിനി കമ്മിറ്റി, വ്യാജ ജാതി സമ്പാദിച്ച് ജോലി നേടിയവരെ കണ്ടെത്തി പുറത്താക്കുന്നതിനുള്ള സ്ക്രൂട്ടിനി കമ്മിറ്റി എന്നിവയ്ക്ക് വേണ്ടി നരവംശശാസ്ത്രപരമായ അന്വേഷണം നടത്തുന്നതിനു ഗവേഷണ വിഭാഗത്തില്‍ ഒരു പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലെ ജാതികളെക്കുറിച്ചും, ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ഏകദിന പരിശീലന ക്യാമ്പുകള്‍,കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സംബന്ധിയായ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും സമര്‍പ്പിക്കാറുണ്ട്.

2. പരിശീലന വിഭാഗം

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനം പരിശീലനത്തിലൂടെ എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് പരിശീലന           വിഭാഗം പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം നേരിടുന്ന പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും മേല്‍ പ്രശ്നങ്ങളെ കണ്ടെത്തി അവ പരിഹരിക്കുവാനും പരിശീലനങ്ങളിലൂടെ സാധിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ, ശാക്തീകരിക്കുവാനും അവരില്‍ ആത്മ                വിശ്വാസം വളര്‍ത്തുവാനും മുഖ്യധാരാ സമൂഹവുമായി ഇടപഴകുവാനും പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായാംഗങ്ങള്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം തന്നെ പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയുടെ ഉന്നമനത്തിനും വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാരിതര ഉദ്യോഗസ്ഥര്‍ക്കും, അദ്ധ്യാപകര്‍ക്കും, സമുദായ പ്രവര്‍ത്തകര്‍ക്കും, പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കും, യുവജനങ്ങള്‍ക്കും പരിശീലനങ്ങള്‍ നല്‍കുന്നു.

പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായങ്ങള്‍ക്കായി വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആരോഗ്യസംരക്ഷണം, നേതൃത്വശേഷി വികസനം, കലാസാംസ്കാരിക ഉന്നമനം, ഭരണഘടനാ അവകാശം, വനാവകാശം, വിവരാവകാശം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ നരവംശശാസ്ത്രം, സമൂഹ ശാസ്ത്രം, ഫോക്ലോര്‍,മനശാസ്ത്രം തുടങ്ങിയ സാമൂഹ്യ ശാസ്ത്ര മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനമാണ് സംഘടിപ്പിച്ചു വരുന്നത്.

3. ഭാഷാപഠന വിഭാഗം

വിവിധ ജില്ലകളിലെ പട്ടികവര്‍ഗ്ഗ ഊരുകളില്‍ പോയി ശേഖരിച്ച ഭാഷാപരമായ വസ്തുതകളുപയോഗിച്ച് തയ്യാറാക്കിയ 13വ്യാകരണ ഗ്രന്ഥങ്ങള്‍,നിഘണ്ടുക്കള്‍,പാഠാവലികള്‍ എന്നിവ ഈ വിഭാഗം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 10നിഘണ്ടുക്കളും, 10വ്യാകരണ ഗ്രന്ഥങ്ങളും തയ്യാറാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു.

4. എത്നോളജിക്കല്‍ മ്യൂസിയം

കേരളത്തിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ അന്യം നിന്നു പോകുന്ന ഭൗതിക സംസ്കാരം സംരക്ഷിക്കുക  എന്ന മുഖ്യ ഉദ്ദേശ്യലക്ഷ്യമാണ് കിര്‍ടാഡ്സ് ക്യാമ്പസില്‍ സ്ഥിതി ചെയ്തിരിക്കുന്ന എത്നോളജിക്കല്‍

മ്യൂസിയത്തിനുള്ളത്. പട്ടികവിഭാഗങ്ങളുടെ സാംസ്കാരിക തനിമ, പാരമ്പര്യ അറിവുകള്‍,സാങ്കേതിക വിദ്യകള്‍ മുതലായവ എടുത്തു കാണിക്കുന്ന വസ്തുക്കളുടെ ശേഖരമാണ് കിര്‍ടാഡ്സ് എത്നോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

5. ആദികലാകേന്ദ്രം

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ കലാരൂപങ്ങളുടെ പ്രോല്‍സാഹിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആദികലാകേന്ദ്രം. ഈ രംഗത്തെ മുഖ്യകലാകാരന്മാര്‍ക്കും, കലാസമിതികള്‍ക്കും അവസരമൊരുക്കി കൊടുക്കുന്നതിനു വേണ്ടിയും ആദികലാകേന്ദ്രം ശ്രമിക്കുന്നുണ്ട്.

ഇവ കൂടാതെ സുസജ്ജമായ ഒരു ലൈബ്രറി കിര്‍ടാഡ്സിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗത ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത ഭക്ഷണരീതികളെ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും കിര്‍ടാഡ്സ് ശ്രമിച്ചു വരുന്നു. കുറിച്യരുടേയും കുറുമരുടേയും പടനായകനായിരുന്ന തലയ്ക്കല്‍ ചന്തുവിന്‍റെ സ്മരണയ്ക്കായി             തലയ്ക്കല്‍ ചന്തു സ്മാരക അമ്പെയ്ത്തു മത്സരം കിര്‍ടാഡ്സിന്‍റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു വരുന്നു.

 

Contact Us

Kerala State SC Development Department
Ayyankali Bhavan
Kanaka Nagar,
Kawadiyar PO
Vellayambalam
Trivandrum
PIN:695003

Photo Gallery

Visitors Counter

222932
Today
All days
157
222932